ഇത് നിർമാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിന്‍റെ ഉള്ളടക്കം അപൂർണ്ണമാണ്. ഉടന്‍തന്നെ പൂർണ്ണമാവുന്നതാണ്.
ഭൂപ്രകൃതിയും കാലാവസ്ഥയും

ഭൂമിശാസ്ത്രപരമായി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് അല്പം ചെരിഞ്ഞു കിടക്കുന്ന പ്രദേശമാണ് മണിയൂർ ഗ്രാമപഞ്ചായത്ത് സമുദ്രനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ മുതൽ 40 മീറ്റർ വരെ ഉയർന്നു കിടക്കുന്ന ഭാഗങ്ങൾ ഇവിടെയുണ്ട്. 35 ഓളം കുന്നുകളും നിരവധി താഴ്വരകളും സമതലകളും വെള്ളം കെട്ടിനിൽക്കുന്ന ചൊവ്വാപ്പുഴയും ചെരണ്ടത്തൂർ ചിറയും ഒട്ടേറെ തോടുകളും മണിയൂരിൻ്റെ കാർഷിക സംസ്‌കാരത്തിൻ്റെ അടയാളങ്ങളാണ് 40 മീറ്റർ ഉയരമുള്ള മാക്കുന്ന മല ഏറ്റവും ഉയർന്ന പ്രദേശവും പഞ്ചായത്തിൻ്റെ പടിഞ്ഞാറ് അതിർത്തിയിലുള്ള മാങ്ങിൽ പ്രദേശം ഏറ്റവും താഴ്ന്ന‌ പ്രദേശവും ആണ് പൂപ്രകൃതി അനുസരിച്ച് മണിയൂരിനെ 5 ഭാഗങ്ങളായി തിരിക്കാം കുന്നിൻ പ്രദേശം, ചരിഞ്ഞ സ്ഥലം, കുനിനിലങ്ങൾ, നെൽവയലുകൾ-ചിറ പുഴ തീരം എന്നിവയാണവ.

മൊത്തം വിസ്തൃതിയുടെ 13% വരുന്ന കുന്നിൻ പ്രദേശങ്ങൾ 30 മീറ്റർ മുതൽ 40 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. വിസ്‌തൃതിയുടെ 57 ശതമാനം വരുന്ന ചരിവ് തലം പുരാതനകാലം മുതൽ ജനവാസ കേന്ദ്രങ്ങളാണ് പ്രധാന കാർഷിക മേഖലയാണ് ഈ ഭൂപ്രകൃതി വിഭാഗം. ഒരുകാലത്ത് നെല്ല് കൃഷി ചെയ്തിരുന്ന സ്ഥലങ്ങൾ ആയിരുന്നു കുനിനിലങ്ങൾ. എന്നാൽ കാലാന്തരത്തിൽ ഈ പ്രദേശങ്ങൾ മണ്ണിട്ട് നികത്തി തെങ്ങ് കൃഷി കേന്ദ്രങ്ങൾ ആയി മാറി. ചെരണ്ടത്തൂർ ചിറയും ഇടത്തും കര മന്തരത്തൂർ പാണ്ടിയും കൂടിയുള്ള 703 ഹെക്ടർ ഭൂമി ഉൾപ്പെടുന്ന നെൽവയലും ചിറയും മണിയൂർ പഞ്ചായത്തിൽ ഉണ്ട്ചരണ്ടത്തൂർ ചിറ മാത്രം 500 ഏക്കറോളം വരും മറ്റൊരു പ്രധാന ചിറയാണ് ചൊവ്വാപ്പുഴ പാലയാട് നടയും ചീർപ്പും ചൊവ്വാപ്പുഴയെ കുറ്റ്യാടി പുഴയിൽ നിന്ന് വേർതിരിക്കുന്നു ഏറ്റവും കൂടുതൽ പുറമ്പോക്ക് സ്ഥലം ഉള്ളത് ഈ പുഴയിലാണ്.പണ്ടുകാലത്ത് ഇവിടെ നെൽകൃഷി നന്നായി നടത്തിയിരുന്നു.

പഞ്ചായത്തിന്റെ കിഴക്കും തെക്ക് പടിഞ്ഞാറും കുറ്റ്യാടിപ്പുഴയുടെ തിരമാണ്. മാങ്ങുംമുഴി മുതൽ മാങ്ങിൽ കൈവഴി ഏതാണ്ട് 12 കിലോമീറ്റർ ദൈർഘ്യമുണ്ട് ഈ പ്രദേശത്തിന്. മുന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ചെരണ്ടത്തൂർ ചിറ വലിയൊരു ആവാസവ്യവസ്ഥയാണ്. വർഷത്തിൽ 3667മില്ലിമീറ്റർ മഴ ലഭിക്കുന്നുണ്ട്. കൂടിയ താപനില 31 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞതാപനില 24 ഡിഗ്രി സെല്‍ഷ്യസുമാണ്.

മണ്‍തരം

ഉയർന്ന പ്രദേശങ്ങളിൽ ചരൽ കല്ലുകൾ അടങ്ങിയ വെട്ടുകൽ മണ്ണും ചെങ്കൽ മണ്ണും,ഇടത്തരം ചെരിവുള്ള പ്രദേശങ്ങളിൽ ചരൽ കലർന്ന ഫലഭൂയിഷ്ടമായ ചെമ്മണ്ണും, സമതല പ്രദേശങ്ങളിൽ പൂഴി കലർന്ന മണ്ണും, ചതുപ്പ് നിലങ്ങളിൽ ചളി കലർന്ന എക്കൽ മണ്ണും കാണപ്പെടുന്നു.

കാർഷിക മേഖല

മൂന്നു ഭാഗവും കുറ്റ്യാടി പുഴയാൻ ചുറ്റപ്പെട്ടതും കുന്നുകളും ചരിവുകളും നെൽവയലുകളും ചിറകളും കൊണ്ട് സമ്യദ്ധമായതാണ് മണിയൂർ ഗ്രാമപഞ്ചായത്ത്.പഴയകാലത്ത് ജനങ്ങളുടെ ഏറ്റവും പ്രധാന ജീവിതോപാധി കൃഷിയായിരുന്നു.അന്ന്‌നെൽകൃഷിക്ക് ആയിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. ഇന്ന് ആ സ്ഥാനത്തേക്ക് തെങ്ങുകൃഷി വഴിമാറി. അതിനാൽ മുമ്പുണ്ടായിരുന്ന പാടങ്ങൾ അധികവും നികത്തി തെങ്ങിൻതൈ വെക്കുന്ന പ്രവണതയിലേക്ക് മാറി.നെൽകൃഷി ഇപ്പോൾ പ്രധാനമായി നടക്കുന്നത് ചിരണ്ടത്തൂർ ചിറയിലും അതിന് ചുറ്റിലും മാത്രമാണ്. മുതുവനയിലെ മണപ്പുറത്ത് താഴെവയൽ ചെല്ലട്ടു പൊയിലിലെ തച്ചിനാരി താഴെയും കോതറയും പരിയാരക്കരയിലെ വണ്ടായിൽ താഴെയും ഇന്ന് നാമമാത്രമായ കൃഷി ചെയ്യുന്ന വയലുകളാണ്.

ഗ്രാമപഞ്ചായത്ത് സമ്പദ്ഘടനയുടെ നട്ടെല്ല് കാർഷിക മേഖലയാണ് നെല്ല് കവുങ്ങ് വാഴ പച്ചക്കറി കശുമാവ് എന്നിവയാണ് പ്രധാന കാർഷിക വിളകൾ. 50 ഹെക്ടർ വരെ വാഴ കൃഷി ചെയ്‌തിരുന്ന പഞ്ചായത്തിൽ ഇന്ന് നാമം മാത്രമായ സ്ഥലത്ത് മാത്രമാണ് നേന്ത്രവാഴ കൃഷി ചെയ്യുന്നത്.

വ്യവസായിക മേഖല

വ്യവസായത്തിന്റെ കാര്യത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിൽ തന്നെ ഏറെ പിന്നോക്കം നിൽക്കുന്നതാണ്. പഞ്ചായത്തിൽ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെയില്ല. തൊഴിലാളികൾ ഭൂരിപക്ഷവും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത് പരമ്പരാഗത മേഖലയായ കൈത്തറി കയർ മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ ഉള്ളതുകൊണ്ട് ചെറിയ രീതിയിൽ ഇപ്പോഴും നിലനിന്നു പോരുന്നുണ്ട്.

നീരൊഴുക്ക്

കുറ്റ്യാടി പുഴയും വടകര മാഹി കനാലും ഒഴുകുന്ന പ്രദേശമാണ് മണിയൂർ ഗ്രാമപഞ്ചായത്ത്. 122.5 7 ഏക്കറിലായി പരന്നുകിടക്കുന്ന ചൊവ്വാപ്പുഴ പഞ്ചായത്തിലെ ഒരു ശുദ്ധജല തടാകമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ചൊവ്വാപ്പുഴ തീരം ഇക്കോ ടൂറിസം പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണിത് കൂടാതെ ധാരാളം തോടുകളും മറ്റു ജലാശയങ്ങളും പഞ്ചായത്തിലൂടെ ഒഴുകുന്നുണ്ട്.